സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതോടൊപ്പം വിവിധ ജില്ലകളിലുള്ള റെഡ്, ഓറഞ്ച്, യെല്ലോ അലെർട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടാണുള്ളത്. മറ്റന്നാൾ വരെ എല്ലാ ജില്ലയിലും കനത്ത മഴക്കുള്ള സാധ്യത കാണുന്നതായി മുന്നറിയിപ്പിൽ പറയുന്നു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് മഴ കനക്കാനുള്ള കാരണം.

ഈ സാഹചര്യത്തിൽ പൊതുജനം പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.

കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.

കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ KSEB യുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ശബരിമലയിലെ മാസപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തുന്നത്. രാത്രി യാത്രകളുംജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.

മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കുക.

വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.

Leave a Reply