വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഇന്ന് വിശുദ്ധപദവിയിലേയ്ക്ക്

വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുക. ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. 2012 ഡിസംബര്‍ 2 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
ഭാരത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. വത്തിക്കാനിലെ ചടങ്ങുകൾക്ക് ഒപ്പം ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റടിമലയിലെ പള്ളിയിലും പ്രത്യേക കൃതജ്ഞത ബലി അർപ്പിക്കും. ദേവസഹായം പിള്ളയുടെ പേരിലുള്ള ചാവല്ലൂർപൊറ്റ പള്ളിയിലും, ദേവസഹായം പിള്ള സ്ഥാപിച്ച കമുകിൻകോട് പള്ളിയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. വൈകിട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലും ദിവ്യബലിയുണ്ടാകും.
ജീവചരിത്രം
തമിഴ്നാട്ടില്‍ കന്യകുമാരി ജില്ലയില്‍ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനടുത്തു നട്ടാലം ഗ്രാമത്തില്‍ മരുതൂര്‍ കുളങ്ങള നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായി A.D. 1712 ഏപ്രില്‍ 23-ാം തീയതി ദേവസഹായം പിള്ള ജനിച്ചു.
മാതാപിതാക്കള്‍ അദ്ദേഹത്തിനു നീലകണ്ഠപിള്ള എന്നു പേരിട്ടു. സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പണ്ഡിതനും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണപാരായണം, ആയുധാഭ്യാസം മുതലായവയില്‍ പ്രഗത്ഭനുമായിരുന്നു നീലകണ്ഠപിള്ള. പ്രായപൂര്‍ത്തിയായതോടെ മേയ്ക്കോട് കുടുംബത്തില്‍നിന്നും ഭാര്‍ഗവി അമ്മ എന്നു പേരുള്ള പെണ്‍കുട്ടിയെ അദ്ദേഹം വധുവായി സ്വീകരിച്ചു.
നീലകണ്ഠപിള്ളയുടെ ബുദ്ധിസാമര്‍ത്ഥ്യം മനസ്സിലാക്കിയ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിലെ കാര്യവിചാരകനായി അദ്ദേഹത്തെ നിയമിച്ചു. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ ചില അരിഷ്ടതകളുണ്ടായി. ദൈവകോപം കുടുംബത്തില്‍ ബാധിച്ചിരിക്കുകയാണെന്ന് അവര്‍ കരുതി. അക്കാലത്തു കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട ഡീലനോയിലിനെ പത്മനാഭപുരത്തിനു സമീപം ഉദയഗിരിയില്‍ തടവുകാരനായി പാര്‍പ്പിച്ചിരുന്നു.
സമയം കിട്ടുമ്പോഴൊക്കെ നീലകണ്ഠപിള്ളയും ഡിലനായിലും തമ്മില്‍ കണ്ടു സംസാരിച്ചിരുന്നു. ക്രമേണ ഇവരുടെ സൗഹൃദം വളര്‍ന്ന് അവര്‍ ആത്മമിത്രങ്ങളായിത്തീര്‍ന്നു. സ്വതവേ ജ്ഞാനിയായിരുന്ന നീലകണ്ഠപിള്ള ഡീലനോയിയില്‍നിന്നും ക്രിസ്തുമത തത്ത്വങ്ങള്‍ പഠിച്ചു. ക്രിസ്തുവിനെക്കുറിച്ചും സത്യദൈവത്തെക്കുറിച്ചും ജ്ഞാനം സിദ്ധിച്ച നീലകണ്ഠപിള്ള ആ വിശ്വാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചു.
അങ്ങനെ 1745-ല്‍ വടക്കന്‍കുളം ഇടവകവികാരി ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ബുട്ടാരിയില്‍ നിന്നും അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ച് ‘ദേവസഹായം’ എന്ന പേരു സ്വീകരിച്ചു. അധികം താമസിയാതെ ഭാര്യ ഭാര്‍ഗവിയമ്മയും മാനസാന്തരപ്പെട്ടു ജ്ഞാനസ്നാനം സ്വീകരിച്ചു. ത്രേസ്യാ എന്നര്‍ത്ഥമുള്ള ‘ജ്ഞാനപ്പൂ’ എന്ന പേരാണ് അവള് സ്വീകരിച്ചത്. തുടര്‍ന്നു രണ്ടു പേരും ചേര്‍ന്നു തപജപത്തോടുകൂടി ജീവിച്ചു വന്നു.
സവര്‍ണര്‍ മതം മാറുന്നതു നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറില്‍ രാജകോപത്തെ അവഗണിച്ചുകൊണ്ടു ക്രിസ്തുവിനുവേണ്ടി ജീവിച്ച ദേവസഹായംപിള്ളയ്ക്കു പിന്നീടങ്ങോട്ട് പീഡനത്തിന്റെ കാലമായിരുന്നു. ദേവസഹായത്തെ അറസ്റ്റ് ചെയ്യാന്‍ വന്ന ഭടന്മാരുമായി ഡീലനോയി സംസാരിച്ച് അവരെ സമാധാനിപ്പിക്കുകയും ദേവസഹായംപിള്ളയെ ബഹു. ഫാ. പീറ്റര്‍ പെരേരാ എസ്.ജെ. അവര്‍കളുടെ അടുക്കല്‍ അയച്ചു കുമ്പസാരിച്ച് അദ്ദേഹത്തില്‍നിന്നും ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ അവസരമൊരുക്കുകയും ചെയ്തു.
തുടര്‍ന്നു ഡിലനോയി ദേവസഹായത്തെ ഭടന്മാരോടുകൂടി അയച്ചു. അവര്‍ അദ്ദേഹത്തെ ഉദ്യോഗവസ്ത്രങ്ങള്‍ മാറ്റി ഒരു കുറ്റക്കാരനെപ്പോലെ സാധാരണക്കാരന്റെ വേഷത്തില്‍ രാജസന്നിധിയില്‍ ഹാജരാക്കി. അങ്ങനെ ജ്ഞാനസ്നാനം സ്വീകരിച്ചു നാലു വര്‍ഷത്തിനുശേഷം മതപരിവര്‍ത്തനം ഹേതുവാക്കി അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചു.
കാര്യക്കാരന്‍ പദവി നഷ്ടപ്പെട്ടിട്ടും തടവറയില്‍ ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. കഴുത്തില്‍ എരുക്കിന് പൂമാലയിട്ടു പോത്തിന്റെ പുറത്തിരുത്തി പരിഹാസപാത്രമായി തെരുവീഥിയിലൂടെ കൊണ്ടുനടന്നിട്ടും ദേവസഹായംപിള്ള ക്രിസ്തുവിശ്വാസത്തില്‍ ഉറച്ചുനിന്നു.
ശരീരം മുഴുവന്‍ ചാട്ടവാറുകൊണ്ട് അടിച്ചുപൊട്ടിച്ചു മുറിവുകളില്‍ മുളക് അരച്ചുതേച്ചു വെയിലത്തു കിടത്തിയിട്ടും കന്നുകാലികളെ കെട്ടിയിടുന്നതുപോലെ മരത്തില്‍ ചങ്ങലകൊണ്ടു ബന്ധിച്ചു പട്ടിണിക്കിട്ടിട്ടും ആ വിശ്വാസി പിന്മാറിയില്ല. ബന്ധുക്കളും ഉദ്യോഗസ്ഥരും സ്നേഹിതരും സത്യദൈവത്തെ ഉപേക്ഷിക്കുവാന്‍ അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. എന്നാല്‍ അപ്പോഴൊക്കെ ദേവസഹായംപിള്ള ക്രിസ്തുവിന്റെ നടപടികളെയും തത്ത്വങ്ങളെയും അവര്‍ക്ക് ഉപദേശിച്ചുകൊടുക്കുകയാണു ചെയ്തത്. ഇവയെല്ലം കേട്ടുകൊണ്ടിരുന്ന അധികാരികള്‍ കോപാകുലരായി രാജസന്നിധിയില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിച്ചു.
രാജാവ് അദ്ദേഹത്തെ വിലങ്ങുവച്ചു കാരാഗൃഹത്തില്‍ അടയ്ക്കുകയും പീഡനങ്ങള്‍ക്കു മൂര്‍ച്ചകൂട്ടുകയും ചെയ്തു. പീഡനങ്ങളുടെ ശക്തി കൂടിയതോടെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയും വര്‍ദ്ധിച്ചു. “ഒറ്റവാക്കുകൊണ്ടു ലോകത്തെ ശിക്ഷിക്കുവാന്‍ ശക്തിയുള്ള കര്‍ത്താവേ! എനിക്ക് ഈ പീഡനങ്ങള്‍ സഹിക്കുവാന്‍ ബലം തരണമേ, ഇവരോടു ക്ഷമിച്ച് അവരെ മാനസാന്തരപ്പെടുത്തണമേ” എന്ന് അദ്ദേഹം നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ ബന്ധനസ്ഥനായി നടത്തിക്കൊണ്ടുപോകുമ്പോള്‍ പുലിയൂര്‍കുറിശ്ശിയിലെ ഒരു പാറപ്പുറത്തു പടയാളികള്‍ അദ്ദേഹത്തെ ഇരുത്തിയിട്ട് അടുത്തുള്ള ഒരു വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കാന്‍ പോയി. വെയിലില്‍ ദാഹിച്ചു വലഞ്ഞ ദേവസഹായംപിള്ള കുടിക്കുവാന്‍ വെള്ളം ആവശ്യപ്പെട്ടു. ചവറ് അഴുകി നാറിയ കുറച്ചു വെള്ളം പടയാളികള്‍ അദ്ദേഹത്തിനു നല്കി. അതു കുടിച്ചിട്ടും ദാഹം തീരാഞ്ഞു കുറച്ചുകൂടി വെള്ളം വേണമെന്നാവശ്യപ്പെട്ടു.
എന്നാല്‍ ഭടന്മാര് കുപിതരായി അദ്ദേഹത്തെ മര്‍ദ്ദിച്ചു പാറപ്പുറത്തു തള്ളിയിട്ടു. ഈ അവസരത്തില്‍ ദേവസഹായംപിള്ള അത്യന്തം സങ്കടത്തോടുകൂടി ഇസ്രായേല്‍ ജനത്തിനു പാറപിളര്‍ന്നു ജലം നല്കിയ കര്‍ത്താവിനെയോര്‍ത്തു പ്രാര്ത്ഥിച്ചുകൊണ്ടു ശിരസ്സ് താഴ്ത്തി ചങ്ങലയിട്ട കൈകളുടെ മുട്ടുകൊണ്ടു പാറയിലിടിച്ചു. തത്ക്ഷണം പാറ പിളര്‍ന്നു ജലം പ്രവഹിച്ചു. ദേവസഹായംപിള്ള ദാഹം തീര്‍ത്ത് ഈശോയെ സ്തുതിച്ചു. ഇന്ന് ആ സ്ഥലം ‘മുട്ടിടിച്ചന്‍ പാറ’ എന്നറിയപ്പെടുന്നു.
ഇപ്പോഴും പുലിയൂര്‍ക്കുറിച്ചി മുട്ടിടിച്ചാന്‍പാറ എന്ന സ്ഥലത്തു മിഖായേല്‍ മാലാഖയുടെ പള്ളിമുറ്റത്ത് ഈ നീരുറവ പാറയില്‍ കാണാം. ഭക്തജനങ്ങള്‍ ഈ വെള്ളം കുടിച്ചു നിര്‍വൃതിയടയുന്നു. ഈ സംഭവമറിഞ്ഞു സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം ധാരാളം ഭക്തജനങ്ങള്‍ പുണ്യപുരുഷനെ കാണുവാന്‍ തിങ്ങിക്കൂടിക്കൊണ്ടിരുന്നു. ധാരാളം രോഗികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ദേവസഹായംപിള്ള അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അവര്‍ രോഗവിമുക്തരായി. എന്നിട്ടും അധികാരികള്‍ വിട്ടില്ല.
അവര്‍ അദ്ദേഹത്തെ പെരുവിള ആരാച്ചാരന്മാരുടെ മേല്‍നോട്ടത്തില്‍ കൊണ്ടുപോയി ഒരു ഉണങ്ങിയ വേപ്പുമരത്തില്‍ കെട്ടിയിട്ടു. ദേവസഹായം പിള്ളയ്ക്കു നിഴല്‍ കിട്ടാതിരിക്കുവാനാണ് അവര്‍ അപ്രകാരം ചെയ്തത്. പക്ഷേ, ആ മരം ഉടന്‍ തന്നെ തളിര്‍ത്തു വന്നു. ആ കാഴ്ച കണ്ട ആരാച്ചാരും അനുയായികളും അത്ഭുതപ്പെട്ടെങ്കിലും പീഡനം നിര്‍ത്തിയില്ല.
സന്താനമില്ലാതിരുന്ന പെരുവിള ആരാച്ചാരുമ്മരുടെ അപേക്ഷയനുസരിച്ചു ദേവസഹായം പിള്ള പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അയാള്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചു. അതോടെ ആരാച്ചാര്‍ ദേവസഹായത്തെ തടങ്കലില്‍നിന്നും രക്ഷപ്പെടുവാന്‍ ഉപദേശിച്ചു. പക്ഷേ, അദ്ദേഹം അതു സ്വീകരിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിനു വിഷം കലര്‍ന്ന പാനീയം കൊടുത്തു. ദേവസഹായംപിള്ള അതില്‍ കുരിശടയാളം വരച്ചു കുടിച്ചു. വിഷം അദ്ദേഹത്തെ ബാധിച്ചില്ല. മൂന്നു വര്‍ഷക്കാലം കൊടിയ യാതനകളും ഭീകരമര്‍ദ്ദനങ്ങളും മറ്റും അനുഭവിച്ച് ഒരു ബലിയാടിനെപ്പോലെ അദ്ദേഹം കഴിഞ്ഞു.
എന്നാല്‍ അപ്പോഴൊക്കെ യേശുവിന്റെ പീഡാസഹനങ്ങളെയോര്‍ത്തു ധ്യാനനിപുണനായിരുന്ന അദ്ദേഹം സ്വര്‍ഗീയ സന്തോഷം അനുഭവിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഈശോസഭാ സുപ്പീരിയറായിരുന്ന ഫാ. R.F. പിമാന്റല്‍ ദേവസഹായത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ചിരുന്ന വിലങ്ങുകളെ കയ്യിലെടുത്തു ചുംബിച്ചുകൊണ്ട് ഇപ്രകാരം പ്രവചിച്ചു: “ഈ പ്രിയമുള്ള വിലങ്ങുകള്‍ കാലാന്തരത്തില്‍ നവീന സ്വര്‍ഗീയ വളകളായി മാറും.”
ദേവസഹായത്തിന്റെ സ്ഥിതിഗതികള്‍ സമീപപ്രദേശങ്ങളില്‍ കാട്ടുതീപോലെ പരന്നു. ധാരാളം ആളുകള്‍ മനഃസമാധാനത്തിനും രോഗസൗഖ്യത്തിനും വേണ്ടി ഓടിക്കൂടി. ദേവസഹായം പ്രാര്‍ത്ഥിച്ച് അവരെയെല്ലാം അനുഗ്രഹിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ചത്ത ഒരു ആടിനെ ജീവിപ്പിച്ചു കണ്ടതോടെ ഭടന്മാരുടെ ഇടയില്‍ ചലനങ്ങളുണ്ടായി. ഈ നില തുടര്‍ന്നാല്‍ ഈ നാടു മുഴുവന്‍ ഇവന്റെ കൂടെയാകും. ഇയാളെ എത്രയും വേഗം കൊല്ലണം അധികാരികള്‍ രാജാവിനെ അറിയിച്ചു.
കോപാകുലനായ രാജാവു ദേവസഹായം പിള്ളയെ ആരുമറിയാതെ കാറ്റാടി മലങ്കാട്ടില്‍ കൊണ്ടുപോയി വെടിവച്ചു കൊല്ലുവാന്‍ ആജ്ഞാപിച്ചു ദിവസവും നിശ്ചയിച്ചു. അങ്ങനെ 1752 ജനുവരി 14 വെള്ളിയാഴ്ച ആരുവായ്മൊഴിക്കടുത്തു കാറ്റാടിമലയില്‍വച്ച് അദ്ദേഹത്തെ അവര്‍ വെടിവച്ചു കൊന്നു. വേദസാക്ഷി മരിച്ചപ്പോള്‍ പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന വലിയ പാറയുടെ ഒരു ഭാഗം പൊട്ടി അടര്‍ന്നു വീണു. അതിന്റെ ശബ്ദം പള്ളിമണിയുടേതായിരുന്നു. ആ അത്ഭുതകാഴ്ച കണ്ടു ഭടന്മാരും അധികാരികളും നടുങ്ങി. ആ പാറയില്‍ തട്ടിയാല്‍ ഇപ്പോഴും മണിനാദം കേള്‍ക്കാന്‍ സാധിക്കും. കൂടാതെ ഒരു അത്യുജ്ജ്വല പ്രകാശംകൊണ്ട് ആ പ്രദേശം തിളങ്ങി. ഇതു കണ്ടു പടയാളികള്‍ ഭയന്ന് ഓടിപ്പോയി.
മരിച്ചപ്പോള്‍ അദ്ദേഹത്തിനു 40 വയസ്സു പ്രായമുണ്ടായിരുന്നു
കോട്ടാര്‍പള്ളിയുടെ പ്രധാന അള്‍ത്താരയുടെ കീഴിലാണു ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന ലോകത്തിലെ ആദ്യ ദേവാലയമാണു മൂന്നാംപൊട്ട ദൈവസഹായംപിള്ള നഗറിലുള്ളത്. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ഈ ദേവാലയം 15.1.2014-ല്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വതിരുനാള്‍ നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവാണ് ആശീര്‍വദിച്ചത്. വെറും 22 ദിവസങ്ങള്‍കൊണ്ടാണ് ഈ ദേവാലയം നിര്‍മിച്ചത്. നാനാജാതി മതസ്ഥര്‍ പ്രാര്‍ത്ഥനയ്ക്കും നേര്‍ച്ചകാഴ്ചകള്‍ക്കും ആരാധനയ്ക്കുമായി അനുദിനം ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. 2.11.2014-ല്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുശേഷിപ്പും പരസ്യവണക്കത്തിനായി ഇവിടെ പ്രതിഷ്ഠിച്ചു.