പാലാ – തൊടുപുഴ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് അത്ഭുതകരമായി രക്ഷപെട്ടു, തുണയായത് ഹെൽമെറ്റ്
പാലാ: പാലാ – തൊടുപുഴ റൂട്ടിലെ പിഴക് ആറാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് തലനാരിഴയ്ക്ക് രക്ഷപെട്ടു. അമിതവേഗതയിലെത്തിയ ബൈക്ക്, റോഡിന്റെ ഇടതുവശത്തുനിന്നും വലതുവശത്തേക്ക് തിരിയുകയായിരുന്ന വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ജീവൻ അത്ഭുതകരമായി തിരിച്ചുകിട്ടി.
നിയന്ത്രണം വിട്ട ബൈക്ക് വാഹനത്തിന്റെ വശങ്ങളിൽ ഇടിച്ചതിനെത്തുടർന്ന് വാഹനത്തിന്റെ ഡോറും പെട്രോൾ ടാങ്കും ഗ്ലാസും പൂർണ്ണമായും തകർന്നു. യുവാവ് ധരിച്ചിരുന്ന ഹെൽമെറ്റ് ഇടിയുടെ ആഘാതത്തിൽ തകർന്ന നിലയിലാണ്. അപകടത്തിൽ ശരീരമാസകലം ഒടിവുകളും പരിക്കുകളുമേറ്റ യുവാവിനെ ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്നയുടൻ പരിക്കേറ്റയാളെ ഒട്ടും വൈകാതെ തന്നെ ആശുപത്രിയിലെത്തിക്കാൻ മുന്നിട്ടിറങ്ങിയത് പിഴക് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുരേഷാണ്. സുരേഷിന്റെ കൃത്യസമയത്തുള്ള ഇടപെടലിനും കാരുണ്യപ്രവർത്തിക്കും നാട്ടുകാർ വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് അറിയിക്കുന്നത്. റോഡിലെ അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

