Kerala

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക വരണാധികാരി അംഗീകരിച്ചു. എൽഡിഎഫ് ഉന്നയിച്ച ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് പത്രികയ്ക്ക് അംഗീകാരം നൽകിയത്.
റജി ചെറിയാനെതിരെ നിലവിലുള്ള കേസുകളുടെ വിശദവിവരങ്ങൾ പത്രികയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു എൽഡിഎഫിന്റെ പ്രധാന ആരോപണം. എന്നാൽ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ പാലിക്കേണ്ട 17 നിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചാണ് പത്രിക നൽകിയതെന്ന് റജി ചെറിയാന് വേണ്ടി ഹാജരായ അഭിഭാഷകർ (അഡ്വ. ഫ്രാൻസിസ് മംഗലത്ത്, അഡ്വ. ഉണ്ണിത്താൻ) വരണാധികാരിക്ക് മുന്നിൽ വാദിച്ചു. സംസ്ഥാന പാർട്ടിയായ കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നതിനാൽ, ദേശീയ പാർട്ടികൾക്ക് ബാധകമായ ചില നിബന്ധനകൾ ഇവിടെ ബാധകമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
കേസുകളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ പത്രികയിൽ ഉണ്ടെന്നും, കേസിന്റെ തുടർനടപടികൾ അടുത്തമാസമാണ് നടക്കാനിരിക്കുന്നത് എന്നതിനാലാണ് കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്താതിരുന്നതെന്നും അഭിഭാഷകർ വ്യക്തമാക്കി. ഈ വാദങ്ങൾ അംഗീകരിച്ചാണ് ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കൂടിയായ വരണാധികാരി പത്രിക സ്വീകരിച്ചത്.
ആകെ മൂന്ന് സെറ്റ് പത്രികകളായിരുന്നു റജി ചെറിയാൻ സമർപ്പിച്ചിരുന്നത്. ഇതിൽ മതിയായ ഒപ്പില്ലാതിരുന്ന ഒരു സെറ്റ് പത്രിക ആദ്യം തന്നെ തള്ളിയിരുന്നു. എന്നാൽ മറ്റ് രണ്ട് സെറ്റ് പത്രികകളും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഇതോടെ റജി ചെറിയാന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി ഉറപ്പായി.