വയനാട് കല്ലാടിയിൽ വൻ ഉരുൾപൊട്ടൽ: തുരങ്കപാത നിർമാണ മേഖലയിൽ മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ
കൽപ്പറ്റ: കനത്ത മഴയെത്തുടർന്ന് വയനാട് കല്ലാടി മീനാക്ഷിപ്പാലത്തിന് സമീപം നിർമാണത്തിലിരിക്കുന്ന തുരങ്കപാത മേഖലയിൽ വൻ ഉരുൾപൊട്ടൽ. മലവെള്ളപ്പാച്ചിലിൽ തുരങ്ക നിർമാണത്തിനായി പണിതുയർത്തിയ കോൺക്രീറ്റ് മതിൽ തകർന്നുവീഴുകയും വൻതോതിൽ മണ്ണും അവശിഷ്ടങ്ങളും ഇടിഞ്ഞിറങ്ങുകയുമായിരുന്നു. തുരങ്ക കവാടത്തിന് സമീപം തൊഴിലാളികൾ താമസിച്ചിരുന്ന താത്കാലിക ലയങ്ങൾ, സമീപത്തെ ഏതാനും വീടുകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്ക് മുകളിലേക്കാണ് മണ്ണും പാറക്കല്ലുകളും പതിച്ചത്. നിർമാണ ആവശ്യങ്ങൾക്കായി ഇവിടെ നിർത്തിയിട്ടിരുന്ന തൊഴിലാളികളുടെ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് മുപ്പതിലധികം ആളുകൾ മണ്ണടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഏറ്റവും പുതിയ പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ദുരന്ത വാർത്തയറിഞ്ഞ് പ്രദേശവാസികൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയും പ്രാഥമിക രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. നാട്ടുകാരുടെ യഥാസമയത്തുള്ള ഇടപെടലിനെത്തുടർന്ന് മണ്ണിൽ പൂണ്ടുപോയ മൂന്ന് പേരെ ജീവനോടെ പുറത്തെടുക്കാനായി. അപകടത്തിൽ പരിക്കേറ്റ കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ് ഉൾപ്പെടെ അഞ്ചിലധികം പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ആർക്കും ജീവഹാനി സംഭവിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ല. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ മീനങ്ങാടിയിൽ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) പ്രത്യേക സംഘം അപകടസ്ഥലത്തേക്ക് തിരിക്കുകയും കോഴിക്കോട്ട് നിന്നുള്ള മറ്റൊരു സംഘത്തോട് അടിയന്തരമായി വയനാട്ടിലെത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായ രീതിയിൽ വൻതോതിൽ മണ്ണ് കൂട്ടിയിട്ടതാണ് ഇത്രയും വലിയൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് റവന്യൂ മന്ത്രി ടി. സിദ്ദിഖ് കുറ്റപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 226 മില്ലിമീറ്ററിലധികം പെയ്ത കനത്ത മഴയിൽ ഈ മണ്ണും അവശിഷ്ടങ്ങളും കുതിർന്ന് താഴേക്ക് ഒലിച്ചിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തബാധിത പ്രദേശം സന്ദർശിക്കാനും രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിക്കാനുമായി മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിനിടെ വയനാട് എംപി പ്രിയങ്ക ഗാന്ധി വയനാട് കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ട് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഉറപ്പാക്കാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനും നിർദേശം നൽകി.
മുഖ്യമന്ത്രിയും വയനാട് ജില്ലാ കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര യോഗം വിളിച്ചുചേർക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രദേശത്ത് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നത് രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വീണ്ടുമൊരു ഉരുൾപൊട്ടലുണ്ടാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. 2024 ജൂലൈയിൽ മേപ്പാടി മേഖലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ സമാനമായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ഭരണകൂടവും ദുരന്തനിവാരണ സേനയും തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നത്.

