തുടര്‍ ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തിലെ സിവില്‍ സര്‍വീസിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തുടര്‍ ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തിലെ സിവില്‍ സര്‍വീസിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബിയുടെ പേരില്‍ ബജറ്റിനു പുറത്ത് ചെലവും വരുമാനവും കണ്ടെത്തി സമാന്തര ഭരണം നടത്താന്‍ ഒരുങ്ങിയ സര്‍ക്കാരിനുള്ള താക്കീതാണ് ഇത്. സാമ്പത്തിക പ്രതിസന്ധി മറയാക്കി ജീവനക്കാരുടെ ശമ്പളംപിടിച്ചെടുക്കാന്‍ നോക്കിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകും. ജീവനക്കാര്‍ക്ക അര്‍ഹതപ്പെട്ട 8 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇത് നല്‍കാന്‍ തയ്യാറാകാത്തവരാണ് ഇപ്പോള്‍ ശമ്പളം കൂടി പിടിച്ചെടുക്കാന്‍ നടക്കുന്നത്.
ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചിട്ട് മൂന്നു വര്‍ഷമായി. എല്‍ഡിഎഫ് ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണ്. അധികാരത്തിലെത്തി ആറ് വര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ ആരോഗ്യ പദ്ധതിയായ ‘മെഡിസെപ്പ്’യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. മെഡിസെപ്പിന്റെ പേരിലുള്ള അഴിമതിയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പ്രകടന പത്രികയില്‍ എഴുതി വച്ച് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ അവരെ വഞ്ചിക്കുകയാണ്. വാഗ്ദാനം പാലിക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന ഡിസിആര്‍ജി കവര്‍ന്നെടുക്കുകയും ചെയതു. ആശ്രിതരുടെ ആനുകൂല്യം 30 ശതമാനമായി വെട്ടിക്കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന 14 ശതമാനം സര്‍ക്കാര്‍ വിഹിതം കേരളത്തിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. കേരളത്തിലെ ജീവനക്കാര്‍ ഇപ്പോഴും 10 ശതമാനം വിഹിതം കൊണ്ട് തൃപ്തിയടയേണ്ടി വരുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയത് കേരള സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എന്‍.ജി.ഒ അസോസിയേഷന്റെ ആവശ്യം ജീവനക്കാരുടെ അവകാശ പ്രഖ്യാപനമാണ്.പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെത്തിയ ആയിരക്കണക്കിനു ജീവനക്കാരുടെ പ്രാതിനിധ്യം കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധത്തിന്റെ പ്രതീകമാണ.് ഇത് ജീവനക്കാരെ വേട്ടയാടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങളെ കശാപ്പു ചെയ്തു കൊണ്ടാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ചു കൊണ്ട് കെ-റെയിലിനു വേണ്ടി കുറ്റിയിടാന്‍ നടന്നവര്‍ തന്നെ കുറ്റി പിഴുത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഇടത് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്് അവര്‍ക്ക് കെ-റെയില്‍ വിഷയത്തില്‍ പിന്നോക്കം പോകേണ്ടി വന്നത്. കേരളത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ സിവില്‍ സര്‍വ്വീസ് സമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ട്. ഭരണ നിര്‍വ്വഹണം നടത്തുന്നവരെ അവഗണിച്ചു കൊണ്ട് സര്‍ക്കാരിന് മുന്നോട്ടു പോകാനാകില്ല. അധികാരത്തിന്റെ അപ്രമാദിത്വത്തില്‍ സവില്‍ സര്‍വ്വീസിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് സര്‍ക്കാരിന്റെ നാശത്തിലേക്കായിരിക്കും വഴിതെളിക്കുക. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റ്റി.യു. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം. ഉദയസൂര്യന്‍, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ എ. രാജശേഖരന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി. സംസ്ഥാന ഭാരവാഹികളായ എ.എം. ജാഫര്‍ഖാന്‍, ജി.എസ്.ഉമാശങ്കര്‍, എ.പി. സുനില്‍, എം.ജെ. തോമസ് ഹെര്‍ബിറ്റ്, കെ.കെ. രാജേഷ്ഖന്ന, രഞ്ചു കെ. മാത്യു, വി. ദാമോദരന്‍, എസ്. അംബിക കുമാരി, കെ. സുകുമാര്‍, എസ്. പ്രസന്നകുമാര്‍, ബി. പ്രദീപ് കുമാര്‍, ജെ. എഡിസണ്‍, റ്റി.വി. രാമദാസ്, എസ്. സജീദ്, പി.എം. ഫ്രാന്‍സിസ്, മധു എം. പുതുമന, ഷാജി സോപാനം, നാരായണന്‍കുട്ടി മനിയേരി, റ്റി.ജി. രഞ്ജിത് തുടങ്ങിയവര്‍മാര്‍ച്ചിന് നേതൃത്വം നല്‍കി.