കേരളാ പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ് പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു

കോട്ടയം വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ് (കെപിപിഎൽ). പ്രവർത്തനോദ്ഘാടനം ഇന്ന് വെള്ളൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ആദ്യ റീൽ പേപ്പർ പുറത്തിറക്കി.

കേന്ദ്ര സർക്കാർ വിൽപനയ്‌ക്കുവെച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌എൻഎൽ) സംസ്ഥാന സർക്കാർ ലേലത്തിൽ പിടിച്ച് കെപിപിഎൽ ആയി പുനർജീവൻ നൽകി.ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനുകീഴിൽ 1982 ൽ പ്രവർത്തനം ആരംഭിച്ച എച്ച്‌എൻഎൽ മുപ്പതുവർഷത്തോളം മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും പിന്നീട് പല കാരണങ്ങളാൽ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു. 2019 ജനുവരിയിലാണ് എച്ച്എൻഎല്ലിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നാല് വർഷത്തോളം പ്ലാന്റ് അടഞ്ഞുകിടന്നു.

എച്ച്‌എൻഎല്ലിനെ ഏറ്റെടുക്കാൻ കേരള സർക്കാർ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തുടക്കത്തിൽ അനുമതി ലഭിച്ചില്ല. 2019 നവംബറിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചിൽ “കോർപറേറ്റ് ഇൻസോൾവെൻസി ആൻഡ്‌ റെസലൂഷൻ” പ്രക്രിയയിലൂടെയാണ് സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുത്തത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145 കോടി രൂപയുടെ ബാധ്യത തീർത്താണ് സംസ്‌ഥാന സർക്കാർ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ എന്ന പേരിൽ കേരളത്തിന്റെ സ്വന്തം പേപ്പർ നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്.

സംസ്‌ഥാന സർക്കാർ ഏറ്റെടുത്തശേഷം 34.30 കോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട വികസനം പൂർത്തിയാക്കി. 44.94 കോടി വകയിരുത്തിയ രണ്ടാംഘട്ടവികസനം ആഗസ്തിനകം പൂർത്തിയാകുന്നതോടെ കെപിപിഎൽ പൂർണ തോതിലുള്ള ഉൽപ്പാദനത്തിലേക്കെത്തും. നാലുഘട്ട വികസനവും പൂർത്തിയാക്കി 3200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കമ്പനിയെ മാറ്റുകയാണ്‌ ലക്ഷ്യം. നിലവിൽ 252 ജീവനക്കാരുള്ള പ്ലാന്റിൽ ഭാവിയിൽ മൂവായിരം പേർക്ക്‌ തൊഴിൽ നൽകാനാകും. രാജ്യത്തെ ഏറ്റവും വലിയ പേപ്പർ ഉൽപ്പന്ന നിർമ്മാണ കമ്പനിയായി കെപിപിഎല്ലിനെ വളർത്താനാണ് ശ്രമിക്കുന്നത്.

Leave a Reply