വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ നിഖാത് സരിനിലൂടെ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം
തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ നിഖാത്ത് സരിന്‍ സ്വര്‍ണമണിഞ്ഞു. ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന്‍ കൂടിയാണ് സരിന്‍.
വ്യാഴാഴ്ച നടന്ന ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജുതാമാസ് ജിറ്റ്‌പോങ്ങിനെതിരേ നേടിയ ആധികാരിക ജയത്തോടെയാണ് (5-0), (30-27, 29-28, 29-28, 30-27, 29-28) നിഖാത്ത് സരിന്റെ സ്വര്‍ണ നേട്ടം. വിധികര്‍ത്താക്കളെല്ലാം ഏകകണ്‌ഠേന നിഖാത്ത് സരിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു. മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് സരിന്‍.
നേരത്തെ ബുധനാഴ്ച നടന്ന സെമിയില്‍ ബ്രസീലിന്റെ കരോളിന്‍ ഡി അല്‍മേഡയെ കീഴടക്കിയാണ് സരിന്‍ കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. ആ മത്സരത്തിലും വിജയം ഏകപക്ഷീയമായിരുന്നു (5-0).