വിശുദ്ധ ചാവറയച്ചന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം
കേരള പാഠാവലിയിലെ എഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നവകേരള സൃഷ്ടിക്കായി എന്ന എട്ടാം പാഠഭാഗത്തിലെ നവോത്ഥാന നായകരെക്കുറിച്ചുള്ള വിവരണങ്ങളില്‍നിന്ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ഛനെക്കുറിച്ചുള്ള നവേത്ഥാന ചരിത്രഭാഗം ഒഴുവാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നടപടി അടിയന്തരമായി പുനപരിശോധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. ശിവന്‍കുട്ടിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പ്രഥമ സംഭാവന നല്‍കിയ ചരിത്ര പുരുഷന്‍മാരില്‍ മുന്‍നിരക്കാരനായിരുന്ന വിശുദ്ധ ചാവറയച്ചന്റെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളെയാണ് പാഠപുസ്തക പഠനഭാഗത്തുനിന്നും ഒഴുവാക്കിയത്‍. വിദ്യാഭ്യാസ വകുപ്പ് കാണിച്ചത് ചരിത്ര നിന്ദയായി വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവോടുകൂടിയാണ് കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചതെന്ന ചരിത്രസത്യം എല്ലാവരും അംഗീകരിക്കുന്നതാണ്. ഈ കാലഘട്ടത്തെ സജീവമായി വളര്‍ത്തിയെടുക്കുന്നതില്‍ വിശുദ്ധ ചാവറയച്ചന്റെ പങ്ക് നിസ്തുലമായിരുന്നു. പള്ളിയോടൊപ്പം പള്ളിക്കൂടം തുടങ്ങണമെന്ന ആശയത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരംഭത്തിന് തുടക്കം കുറിയ്ക്കാന്‍ ഇടയാക്കിയ വിപ്ലവകരമായ തീരുമാനം വിശുദ്ധ ചാവറയച്ചന്റെ ഏറ്റവും വലിയ സംഭാവനായായിരുന്നു. ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥകളെ ലംഘിച്ച് എല്ലാ വിഭാഗക്കാരെയും ഒരേ ഇരിപ്പിടത്തില്‍ ഇരുത്തുകയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തതിലൂടെ നവോത്ഥാന മാറ്റങ്ങള്‍ക്കുവേണ്ടി ചാവറയച്ചന്‍ വഹിച്ച പങ്ക് എത്രയാണെന്ന് കാണാന്‍ കഴിയും. വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞി സമ്പ്രദായത്തിന് തുടക്കം കുറിക്കുകയും പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെ സംഭാവനകള്‍ വിദ്യാഭ്യാസ വകുപ്പ് കാണാതെപോയത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ച തിരുത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അടിയന്തരമായി എഴാംക്ലാസ് പാഠപുസ്തകത്തിലെ എട്ടാം പാഠം പരിഷ്ക്കരിക്കുന്നതിനും വിശുദ്ധ ചാവറയച്ചന്റെ മഹത് സംഭാവനകളെ ഭാവി തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആര്‍.ടി. യും തയ്യാറാകണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ.യും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. യും ആവശ്യപ്പെട്ടു.