വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളാ കോണ്‍ഗ്രസ്;
മുഖ്യമന്ത്രി അടിയന്തരയോഗം വിളിക്കണം- പി.ജെ. ജോസഫ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് എന്തുമാത്രം തീരശോഷണം ഉണ്ടായി എന്ന് ശാസ്ത്രീയമായി പഠിക്കാനും മത്സ്യതൊഴിലാളികളും തീരദേശവാസികളും‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗം മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ അതിജീവനത്തിനുവേണ്ടി നടത്തുന്ന രാപ്പകല്‍ സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മോന്‍സ് ജോസഫ് എം.എല്‍.എ.യോടൊപ്പം വിഴിഞ്ഞത്തെ സമരപന്തലില്‍ എത്തിയതായിരുന്നു ജോസഫ്. പ്രതികൂലമായ സാഹചര്യത്തിലാണ് ഒട്ടേറെപ്പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. പുനരധിവാസപദ്ധതി സമയബന്ധിതമായി നടപ്പാക്കണം. തികച്ചും ശോച്യാവസ്ഥയില്‍ ഇപ്പോള്‍ കഴിഞ്ഞുകൂടുന്ന കുടുംബങ്ങള്‍ക്ക് വാടക നല്കി മാറ്റിപ്പാര്‍പ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണം. തീരദേശത്തെ കുടുംബങ്ങളും മത്സ്യത്തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും കഴിയേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വസ്തുതാപരമായി വിലയിരുത്തണം. വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശാശ്വതപരിഹാര ഉണ്ടാകണം. സമരത്തിന് ആഹ്വാനമായ വിഷയങ്ങളെക്കുറിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേരെയുമായി പി.ജെ.ജോസഫും മോന്‍സ് ജോസഫും സംസാരിച്ചു.‍