ഗവർണറെ ചാൻസലർസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള ബിൽ നിയമസഭ പാസാക്കി
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർപദവിയിൽനിന്നു ഗവർണറെ നീക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കി. ഗവർണറെ ചാൻസലർസ്ഥാനത്തുനിന്നു മാറ്റുന്പോൾ, പകരമായി സുപ്രീംകോടതി റിട്ടയേഡ് ജഡ്ജിയെയോ ഹൈക്കോടതിയിൽനിന്നു വിരമിച്ച ചീഫ് ജസ്റ്റീസിനെയോ ചാൻസലർസ്ഥാനത്തേക്കു നിയോഗിക്കണമെന്ന പ്രതിപക്ഷ നിർദേശം സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്ന് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു.
സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബിൽ ഇന്നലെ വീണ്ടും സഭയുടെ പരിഗണനയ്ക്കായി എത്തിയപ്പോൾ പ്രതിപക്ഷനേതാവ് ഭേദഗതികൾ നിർദേശിച്ചു. ഗവർണർ ചാൻസലർ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ നിലയിൽ, സംസ്ഥാനത്തെ സർവകലാശാലയ്ക്കെല്ലാംകൂടി ഒരു ചാൻസലർ മതിയെന്നും ഓരോ സർവകലാശാലകൾക്കും ഓരോ ചാൻസലർമാരെ നിയമിക്കുന്നതു വൻ ബാധ്യതയ്ക്ക് ഇടയാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കൂടാതെ, ചാൻസലർ സ്ഥാനത്തേക്കു റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയെയോ ഹൈക്കോടതിയിൽനിന്നു ചീഫ് ജസ്റ്റീസ് പദവിയിൽ വിരമിച്ച വ്യക്തിയെയോ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദേശിച്ചു.