ഇരട്ട പ്രഹരം: മുൻകൂർ ജാമ്യമില്ല, കോൺഗ്രസ് പുറത്താക്കി; രാഹുൽ മാങ്കൂട്ടത്തിൽ പ്രതിസന്ധിയിൽ
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് തിരിച്ചടിയായി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കൽ. ഇതോടെ എംഎൽഎക്ക് നിയമപരവും രാഷ്ട്രീയപരവുമായി ഇരട്ട പ്രഹരമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അടച്ചിട്ട കോടതിമുറിയിൽ നടന്ന വാദത്തിൽ, അതിജീവിതയുടെ ചാറ്റുകളും വിവാഹ ചിത്രങ്ങളും ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കിയിരുന്നു.
എന്നാൽ, രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ട ശേഷം പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും, അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളും കോടതിയിൽ സമർപ്പിച്ചതായും പ്രോസിക്യൂഷൻ അറിയിച്ചു.
കൂടാതെ, സമാനമായ നിരവധി ആക്ഷേപങ്ങൾ രാഹുലിനെതിരെ നിലവിലുണ്ടെന്നും, ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ടെന്നും, മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കോടതി വിധി വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. നിലവിൽ സസ്‌പെൻഷനിലുള്ള രാഹുലിനെതിരെ ഉയർന്ന പരാതികളും രജിസ്റ്റർ ചെയ്ത കേസുകളും കണക്കിലെടുത്താണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്ന വിശദീകരണവും അദ്ദേഹം നൽകി.

