ഇടുക്കിയില്‍ പരിസ്ഥിതി ലോല പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും യുഡിഎഫും

ഇടുക്കി: വനമേഖലകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിനെ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിനെതിരെ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും. ഉത്തരവിനെതിരെ എൽഡിഎഫ് ഇടുക്കിയിലെ പരിസ്ഥിതി ലോല പ്രദേശത്ത് വെള്ളിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. ഇതിനോടനുബന്ധിച്ച് നാളെ വെെകീട്ട് നിരവധി കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് എൽഡിഎഫ് ജില്ല കൺവീനർ കെ കെ ശിവരാമൻ ആവശ്യപ്പെട്ടു. വിധിയെ സംസ്ഥാന കോൺഗ്രസ് അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ബഫർ സോൺ ഉത്തരവിൽ യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ജൂൺ 16 നാണ് യുഡിഎഫ് ഹർത്താൽ.
സുപ്രീംകോടതിയുടെ പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ വനവും, ജനങ്ങളുടെ താല്പര്യവും ഒരുപോലെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇളവ് തേടി കേന്ദ്രത്തെ സമീപിക്കുമെന്നും സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചുപോന്ന നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണെന്നായിരുന്നു വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.
നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമെ തുടര്‍ന്നാല്‍ മതിയെന്നും കോടതി നിഷ്കർഷിച്ചിട്ടുണ്ട്.
നിലവില്‍ ഈ മേഖലകളിലുള്ള കെട്ടിടങ്ങളെയും നിര്‍മിതികളെയും സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനും ഉത്തരവുണ്ട്. വനംമേഖലകളില്‍ ഒരു കിലോ മീറ്റര്‍ പരിധി ബഫര്‍ സോണാണെങ്കില്‍ അതേപടി തുടരാനാണ് നിര്‍ദേശം. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്