ദ്രൗപദി മുർമു രാഷ്ട്രപതിയായി അധികാരമേറ്റു
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു.
രാവിലെ പാർലമെന്റ് ഹൗസിലെത്തിയ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും രാജ്യസഭാ, ലോക്സഭാ അധ്യക്ഷന്മാരും ചീഫ് ജസ്റ്റീസും ചേർന്നു സ്വീകരിച്ച് സെന്‍ട്രൽ ഹാളിലേക്ക് ആനയിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.