സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു

തൊടുപുഴ: തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. കിട്ടാക്കടം വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. ആറുമാസത്തേയ്ക്കാണ് ബാങ്കിന്‍റെ പ്രവര്‍ത്തനം മരവിപ്പിച്ചത്. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്ക്. 75 കോടി രൂപായാണ് നിലവിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിനുളള കിട്ടാക്കടം. ഇത് വായ്പയുടെ 39 ശതമാനമാനം വരും. റിസർവ്വ് ബാങ്കിൻ്റെ മാനദണ്ഡപ്രകാരം 10 ശതമാനം വരെ മാത്രമേ കുടിശിക വരാൻ പാടുള്ളൂ. കഴിഞ്ഞ വർഷം 113 കോടി രൂപ കിട്ടാക്കടമായി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഒരു വർഷം മുൻപ് പുതിയ വായ്പ അനുവദിക്കുന്നതിൽ നിന്ന് റിസർവ്വ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ 37.5 കോടി രൂപയുടെ കിട്ടാക്കടം ജപ്തി നടപടികളിലൂടെയാണ് ബാങ്ക് തിരിച്ച് പിടിച്ചത്. ഒരാഴ്ച്ചക്കുള്ളിൽ കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കി റിസർവ്വ് ബാങ്കിനെ സമീപിക്കുമെന്ന് ബാങ്ക് ഭരണ സമിതി ചെയർമാൻ വി.വി. മത്തായി അറിയിച്ചു. പ്രളയവും കോവിഡും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തിരിച്ചടവ് വൈകി കിട്ടാക്കടം വർദ്ധിക്കാൻ കാരണ൦ എന്ന് അദ്ദേഹം പറഞ്ഞു