മാർ ജേക്കബ്ബ് മുരിക്കൻ പിതാവിന് പകരം റവ. ഡോ. ജോസഫ് തടത്തില്‍
പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ്

പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസായി റവ.ഡോ. ജോസഫ് തടത്തിലിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിയമിച്ചു. രൂപത സഹായമെത്രാനെന്ന നിലയില്‍ പ്രോട്ടോസിഞ്ചെല്ലൂസായി സേവനം ചെയ്തിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് മോണ്‍. ജോസഫ് തടത്തിലിനെ മുഖ്യവികാരി ജനറാളായി പുതിയ ദൗത്യം രൂപതാധ്യക്ഷന്‍ ഏല്‍പ്പിച്ചത്. 2020 ഫെബ്രുവരി 15മുതല്‍ പാലാ രൂപത സിഞ്ചെല്ലൂസായി (വികാരി ജനറാളായി) സേവനം ചെയ്തുവരികയായിരുന്നു. വികാരി ജനറാളെന്ന നിലയില്‍ രൂപതയിലെ ഇടവകകള്‍, വൈദികര്‍, പ്രീസ്റ്റ് ഹോം, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം, അരുവിത്തുറ സെന്റ് ജോര്‍ജ്, കുറവിലങ്ങാട് ദേവമാതാ കോളജുകള്‍, വിവിധ സന്യാസ, സന്യസ്ത ഭവനങ്ങള്‍, ഫാമിലി എയ്ഡ്ഫണ്ട്, പാലാ കാരിത്താസ്, എഡിസിപി, പബ്ലിക്ക് റിലേഷന്‍സ് വിഭാഗം, ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്‍ എന്നിങ്ങനെ വഹിച്ചിരുന്ന ചുമതലകള്‍ക്ക് പുറമേ പാലാ സെന്റ് തോമസ് , അല്‍ഫോന്‍സാ, സെന്റ് തോമസ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നീ കോളജുകളുടെ മാനേജര്‍ ചുമതലയും പുതിയ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു.

മാന്നാര്‍ സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജോസഫ് തടത്തില്‍ മാന്നാര്‍ തടത്തില്‍ പരേതനായ വര്‍ക്കിയുടേയും ഇലഞ്ഞി പാലക്കുന്നേല്‍ കുടുംബാംഗം മറിയാമ്മയുടേയും 11 മക്കളില്‍ നാലാമനാണ്. മാന്നാര്‍ ഗവ.എല്‍പിസ്‌കൂള്‍, തലയോലപറമ്പ് ഗവ.യുപി, ഹൈസ്‌കൂളുകളിലായി സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി.

1977 ജൂണ്‍ 16ന് പാലാ ഗുഡ്ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെമിനാരിയില്‍ ഫിലോസഫി പഠനം. പാലാ സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റിയില്‍ റീജന്‍സിയും വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും നടത്തി. 1988 ജനുവരി ആറിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ളാലം പള്ളി അസി.വികാരിയായി ചുമതലയേറ്റു. 1989-93 കാലയളവില്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.

ഉരുളികുന്നം വികാരി ഇന്‍ചാര്‍ജ്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, രൂപത വിശ്വാസ പരിശീലന കേന്ദ്രം, ദൈവവിളി ബ്യൂറോ, ചെറുപുഷ്പമിഷന്‍ ലീഗ് എന്നിവയുടെ ഡയറക്ടര്‍, ഷാലോം പാസ്റ്ററല്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍, കുടക്കച്ചിറ, കാഞ്ഞിരത്താനം പള്ളികളില്‍ വികാരി, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം പ്രഥമ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുറവിലങ്ങാട് പള്ളി ഫൊറോന വികാരിയായും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദേവാലയമായതോടെ ആര്‍ച്ച്പ്രീസ്റ്റായും സേവനം ചെയ്തിട്ടുണ്ട്. സീറോ മലബാര്‍ സഭയിലെ പ്രഥമ ആര്‍ച്ച്പ്രീസ്റ്റെന്ന പദവിയും മോണ്‍. ജോസഫ് തടത്തിലിന് സ്വന്തമാണ്.

സഹോദരങ്ങള്‍: മേരി മാത്യു പറമ്പിതടത്തില്‍ (മുട്ടുചിറ), ജോയി (റിട്ട. ജെഡബ്ല്യൂഒ ഐ എഎഫ്) , സിസ്റ്റര്‍. ജോയ്സ് ജോര്‍ജ് (ജനറല്‍ ഡെലഗേറ്റ്, സിഎഫ്എസ്എസ്, ഡല്‍ഹി), റൂബി റോയി പത്തുപറ (വൈക്കം), റിട്ട. ലഫ്. കേണല്‍ ത്രേസ്യാമ്മ ബെന്നി മുടക്കാംപുറം കീഴൂര്‍, രാജു വര്‍ഗീസ് (സൗദി), ബിജു വര്‍ഗീസ്, ഷൈനി നിരീഷ് മുണ്ടയ്ക്കല്‍ തൊടുപുഴ (അയര്‍ലന്റ്), റെജി ഫിലിപ്സണ്‍ കൈതവനത്തറ ആലപ്പുഴ (യുകെ), ബിനി ഷാബു കൂട്ടിയാനി തിടനാട് (ഇസ്രായേല്‍).