തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; വീട് ഒലിച്ചുപോയി, ഒരു മൃതദേഹം കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍. ഒരു വീട് ഒലിച്ചു പോയി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. നാലു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന്‍ ആദിദേവ് എന്നിവര്‍ മണ്ണിനടിയില്‍പ്പെട്ടു. ഇതില്‍ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.