ഇറാനിലെ പ്രക്ഷോഭത്തിൽ മരിച്ചത് 201 പേർ
ടെഹ്റാൻ: ഇറാനിൽ നാലാഴ്ചയിലധികമായി തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ 201 പേർ കൊല്ലപ്പെട്ടതായി നോർവീജിയൻ മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. കഴിഞ്ഞമാസം 30നു കിഴക്കൻ നഗരമായ സഹദാനിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട 93 പേരും ഇതിൽ ഉൾപ്പെടുന്നു.
ഹിജാബ് നിയമം ലംഘിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത മഹ്സ അമിനി കഴിഞ്ഞമാസം 16നു മരിച്ചതിനെത്തുടർന്നാണു രാജ്യമൊട്ടാകെ പ്രക്ഷോഭം പടർന്നത്. ദീർഘനാളായി തുടരുന്ന സാന്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളും പ്രതിഷേധത്തിൽ ഉയർന്നുവരുന്നുണ്ട്.
സഹദാൻ നഗരത്തിൽ, മാനഭംഗക്കേസിൽ ഉൾപ്പെട്ട പോലീസുകാരനെതിരേ നടന്ന പ്രക്ഷോഭമാണു രക്തച്ചൊരിച്ചിലിൽ കലാശിച്ചത്.