ജില്ലയില്‍ പ്രക്ഷോഭങ്ങള്‍
ശക്തിപ്പെടുത്തും : യൂത്ത് ഫ്രണ്ട്


ഇടുക്കി : ഭൂപതിവ് പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ടും വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാതെ അഴിമതിയിലും സ്വര്‍ണ്ണക്കടത്തിലും സ്വജന പക്ഷ പാതത്തിലും മുഴുകിയ സര്‍ക്കാരിനെതിരെ ജില്ലയില്‍ ശക്തമായ യുവജന പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ചെറുതോണിയില്‍ ചേര്‍ന്ന യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ഭൂപതിവ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത 2019 – ലെ സര്‍വ്വകക്ഷി തീരുമാനം നടപ്പാക്കാതെ കുടിയേറ്റ ജനതയെ വഞ്ചിച്ച ഭരണത്തിനെതിരെ നവംബര്‍ 23 ന് ഇടുക്കി താലൂക്ക് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും.
അരി, പലവ്യഞ്ചന വില അമ്പതു ശതമാനം വര്‍ദ്ധിച്ചിട്ടും വില കുറക്കാന്‍ നടപടി സ്വീകരിക്കാത്തതിലും, തൊഴിലില്ലായ്മ, അഴിമതി, സ്വര്‍ണ്ണക്കടത്ത്, സ്വജന പക്ഷപാതം, സര്‍വ്വകലാ ശാലകളുടെ നിലവാരത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലും പ്രതിഷേധിച്ച് നവംബര്‍ 11 ന് തൊടുപുഴ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും നടത്താന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു.
രണ്ടാംഘട്ടമായി നിയോജക മണ്ഡലം കേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രങ്ങളിലുമായി ഡിസംബര്‍ മാസത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനും ജില്ലാ നേതൃയോഗത്തില്‍ തീരുമാനിച്ചു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ് അദ്ധ്യക്ഷത വഹിച്ച ജില്ലാ നേതൃയോഗം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം. ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഹൈപവര്‍ കമ്മിറ്റി അംഗം അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍ ആമുഖ പ്രസംഗം നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി സംസ്ഥാനത്ത് നടത്തുവാന്‍ പോകുന്ന സമര പരിപാടികള്‍ വിശദീകരിച്ച് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല സന്ദേശം നല്‍കി. സംഘടനാ റിപ്പോര്‍ട്ടിംഗ് സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി കെ.വി.കണ്ണന്‍ അവതരിപ്പിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വറവുങ്കല്‍, കേരളാ കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചു കരോട്ട്, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ക്ലമന്റ് ഇമ്മാനുവേല്‍, ജോബി പൊന്നാട്ട്, സിജോ ഇലന്തൂര്‍, റ്റോണി പൂമറ്റം, വൈസ് പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റം, ജില്ലാ ജനറല്‍ സെക്രട്ടറി ജെയിസ് ജോണ്‍ താനത്തുപറമ്പില്‍, ബിബിന്‍ മറ്റത്തില്‍, തോമസ് കടുവാത്താഴത്ത്, ഉദീഷ് ഫ്രാന്‍സിസ്, രഞ്ജിത് മനപ്പുറത്ത്, എബിന്‍ വാട്ടപ്പള്ളി, ജോബി തീക്കുഴിവേലില്‍, പി.കെ. സലിം, പാര്‍ട്ടി വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഷിജോ ഞവരക്കാട്ട്, അനീഷ് കണിയാറോലില്‍, അനീഷ് കൊച്ചുപുരയ്ക്കല്‍, ബോബു ആന്റണി, സ്മിനു പുളിയ്ക്കല്‍, ജോര്‍ജ്ജ് ജെയിംസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.