മാധ്യമ പ്രവർത്തകരോടുള്ള സമീപനത്തിൽ ഇടതുപക്ഷത്തിന് ഇരട്ടത്താപ്പ്: അപു ജോൺ ജോസഫ്
കോട്ടയം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെതിരെയുള്ള പോലീസ് നടപടി ഇടതുപക്ഷ സർക്കാരിന്റെ ഇരട്ടത്താപ്പ് വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് എന്ന് കേരളാ ഐടി ആന്റ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ്. ബിബിസി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും നാടുനീളെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ഇടതു മുന്നണിക്ക് പക്ഷേ സ്വന്തം നയങ്ങളെ മാധ്യമങ്ങൾ വിമർശിക്കുമ്പോൾ കടുത്ത അസഹിഷ്ണുതയും ഭയവുമാണ്. കേന്ദ്ര സർക്കാരിനെ സംബന്ധിക്കുന്ന വിഷയങ്ങളിൽ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും കേരളത്തിലെ മാദ്ധ്യമ പ്രവർത്തകരോട് കേന്ദ്രം പുലർത്തുന്ന അതേ നിലപാട് തന്നെ സ്വീകരിക്കുന്നത് വിരോധാഭാസമാണ്. ഇടതു സർക്കാർ മാദ്ധ്യമങ്ങളെ ഭയക്കുന്നു. ഭരണ പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്തൽ നടപടികൾ കൈക്കൊള്ളാതെ മാദ്ധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന് ചേർന്ന പ്രവർത്തിയല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.