ഐഎസിൽ ചേർന്ന ബ്രിട്ടീഷ് യുവതി ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി കോടതി ശരിവച്ചു
കുഞ്ഞിനെ വളർത്താനായി ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ മോഹിച്ച ഐഎസ് പെൺകുട്ടിയുടെ പൗരത്വം റദ്ദാക്കിയ സർക്കാർ നടപടി കോടതി ശരിവച്ചു.
സർക്കാർ നടപടിക്കെതിരെ ഷെമീമ ബീഗം നൽകിയ അപ്പീൽ ഹർജി കോടതി തള്ളി. ഇതോടെ തൽകാലം വടക്കൻ സിറിയയിലെ അഭയാർഥി ക്യാംപിൽ തന്നെ ഷെമീമയ്ക്ക് കഴിയേണ്ടിവരും. മുൻ ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു ഷെമീമയുടെ പൗരത്വം റദ്ദാക്കിയത്. മൂന്നു വർഷം മുൻപു സിറിയയിലെ അഭയാർഥി ക്യാംപിൽ ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാൻ ബ്രിട്ടീഷ് ഹോം ഓഫിസ് തീരുമാനിച്ചത്. ഇതിനിടെ ഷെമീമയുടെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു.
കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണു നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നതെന്നാണ് ഭീകരസംഘടനയിൽ അംഗമാകാൻ പോയ ഷെമീമ ബീഗം നേരത്തെ വെളിപ്പെടുത്തിയത്. എന്നാൽ അതിമോഹം വേണ്ടെന്നായിരുന്നു ബ്രിട്ടീഷ് സർക്കാരിന്റ നിലപാട്.
വിവിധ ഭീകരസംഘടനകൾക്കു പിന്തുണയുമായി രാജ്യവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ടെന്നും ഹോം ഓഫിസിന്റെ കണക്കുകൾ പറയുന്നു.