വിമാന ടിക്കറ്റ് നിരക്ക്: കേന്ദ്ര ഉത്തരവിന് ശേഷം അധിക തുക ഈടാക്കിയവർക്ക് റീഫണ്ട് ഉറപ്പാക്കും
ന്യൂഡൽഹി:
വിമാന യാത്രാ ടിക്കറ്റുകൾക്ക് കേന്ദ്ര സർക്കാർ പരിധി നിശ്ചയിച്ചതിന് ശേഷം, ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് അധിക തുക തിരികെ നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ പ്രതിസന്ധി കാരണം വിമാന ടിക്കറ്റുകളുടെ വില കുത്തനെ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
പുതിയ ടിക്കറ്റ് നിരക്കുകൾ സർക്കാർ ഉത്തരവിട്ട ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, എയർലൈൻസിന്റെ വെബ്സൈറ്റുകളിലും ഓൺലൈൻ ട്രാവൽ ഏജൻസി പോർട്ടലുകളിലും നിരക്കുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ വന്ന കാലതാമസം കാരണം പല യാത്രക്കാർക്കും പരിധിയിലധികം പണം നൽകി ടിക്കറ്റുകൾ എടുക്കേണ്ടി വന്നു. ഈ വിഷയത്തിൽ യാത്രക്കാർക്കിടയിൽ ആശങ്ക ഉയർന്നതിനെ തുടർന്നാണ് അധിക തുക റീഫണ്ട് ചെയ്യാനുള്ള നടപടി എയർ ഇന്ത്യ പ്രഖ്യാപിച്ചത്.
പുതുക്കിയ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിരക്കുകൾക്ക് മുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ, അധികമായി ഈടാക്കിയ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ ലഭിക്കും. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ തുക തിരികെ നൽകാനുള്ള നടപടികൾ എയർലൈൻ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാനും അമിതമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും വേണ്ടിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഓരോ ദൂരപരിധിക്കുമുള്ള പരമാവധി ടിക്കറ്റ് നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ജാഗ്രതയിലാണ് മന്ത്രാലയം.

