കുട്ടനാട്ടിൽ യുഡിഎഫിന് വൻ മുന്നേറ്റം; ഒറ്റക്കെട്ടായി മുന്നണി, ശമ്പളം പാവങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനവുമായി റെജി ചെറിയാൻ ജനമനസ്സുകളിൽ
ആലപ്പുഴ: കുട്ടനാട്ടിൽ യുഡിഎഫ് ക്യാമ്പിൽ ആവേശത്തിരമാല. കോൺഗ്രസ് നേതാവ് സജി ജോസഫ് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തീരുമാനിച്ചതോടെ മണ്ഡലത്തിൽ യുഡിഎഫ് കൂടുതൽ കരുത്താർജ്ജിച്ചു. നേതാക്കൾ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതോടെ കുട്ടനാട്ടിൽ യുഡിഎഫിന്റെ വിജയപ്രതീക്ഷകൾ വാനോളമുയർന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയായ കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധി റെജി ചെറിയാന് മണ്ഡലത്തിലുടനീളം ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം ചെറിയ വോട്ടുകൾക്ക് മാത്രം കൈവിട്ടുപോയ കുട്ടനാട്, ഇത്തവണ റെജി ചെറിയാനിലൂടെ വൻ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കാനാകുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
ഇതിനിടെ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ റെജി ചെറിയാൻ നടത്തിയ മാതൃകാപരമായ പ്രഖ്യാപനം കുട്ടനാട്ടുകാരുടെ ഹൃദയം കീഴടക്കുകയാണ്. താൻ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളവും മറ്റ് എല്ലാ ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്കും അശരണർക്കുമായി പൂർണ്ണമായും വീതിച്ചു നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.
കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ മറ്റാരേക്കാളും നന്നായി അറിയാവുന്ന ജനനായകനാണ് താനെന്ന് റെജി ചെറിയാൻ തെളിയിക്കുന്നു. ജനപ്രതിനിധിയായി ലഭിക്കുന്ന വേതനം സ്വന്തം ആവശ്യങ്ങൾക്കെടുക്കുന്നത് ധാർമ്മികമല്ലെന്ന അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയ കേരളത്തിന് തന്നെ വലിയൊരു മാതൃകയാണ്. കാൻസർ രോഗികൾക്കും മറ്റ് അശരണർക്കുമായി മാറ്റിവെക്കുന്ന ഈ തുകയുടെ വിവരങ്ങൾ ഓരോ മാസവും സുതാര്യമായി ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

