നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ഓഫ് റോഡ് റേസ് കേസിൽ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

വാഗമണിൽ നടന്ന ഓഫ് റോഡ് റേസ് കേസിൽ ജോജു ജോർജിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഹാജരാകണമെന്നാവശ്യപ്പെട്ട് ആര്‍ടിഒയുടെ നോട്ടീസ് അയച്ചിട്ടും വരാതിരുന്നതിനാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. റൈഡില്‍ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചതിന് കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. 18ന് ആർടിഒ ഓഫീസിൽ എത്തുമെന്ന് ഫോണിൽ അറിയിച്ചിരുന്നെങ്കിലും ജോജു ഹാജരായില്ല. മാത്രമല്ല എത്തുകയില്ലെന്ന കാര്യവും ജോജു വിളിച്ചറിയിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കളക്ടര്‍ നിരോധിച്ച റൈഡില്‍ പങ്കെടുത്തു എന്നുള്ളതാണ് ജോജു ജോര്‍ജിനും സംഘാടകര്‍ക്കും എതിരെയുള്ള കേസ്. ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നല്‍കിയത്. വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയ്‌ല തോട്ടത്തിലാണ് റൈഡ് നടന്നത്. സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ജോജു ജോര്‍ജു റൈഡ് നടത്തുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് പരാതി. സംഘടകരുടെ അതിഥിയായാണ് ജോജു എത്തിയത്. ജോജുവിന്റെ പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നായ ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ് നടത്തിയത്. ഓഫ്‌റോഡ് മാസ്റ്റേഴ്‌സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

Leave a Reply