ഹർത്താൽ ആർക്കെതിരായ സമരം?
എൽ ഡി എഫ് വ്യക്തമാക്കണം: എം മോനിച്ചൻ
തൊടുപുഴ :
ജില്ലാ ഹർത്താൽ ആർക്കെതിരായ സമരപ്രഖ്യാപനമാണെന്ന് എൽ ഡി എഫ് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാർ 2019ഒക്ടോബർ 23ലെ മന്ത്രിസഭാ യോഗം സംരക്ഷിത വനമേഖല ഒരു കിലോമീറ്റർ ബഫർ സോണായി തീരുമാനിച്ചിരുന്നു. ജില്ലയിൽ നിന്നുള്ള അന്നത്തെ സി പി എം മന്ത്രി കൂടി പങ്കെടുത്ത ക്യാബിനട്ടാണ് തീരുമാനം കൈക്കൊണ്ടത്.സുപ്രീം കോടതി വിധി വന്നപ്പോൾ മുന്നണി സർക്കാർ 2019ൽ എടുത്ത തീരുമാനവും കോടതി വിധിയും ഒന്നായതിന്റെ ജാള്യത മറക്കാൻ ഹർത്താൽ നടത്തുന്നത് വിചിത്രമാണ്.
ഭൂപതിവ് ചട്ട ഭേദഗതി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി അദ്യക്ഷത വഹിച്ച സർവകക്ഷി യോഗ തീരുമാനം മൂന്നുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാൻ പറ്റാത്ത സർക്കാരാണ് വനസംരക്ഷണ മേഖല ഒരു കിലോമീറ്റർ ആയി 2019ൽ തീരുമാനം എടുത്തത്. കസ്തൂരിരംഗൻ പ്രശ്നത്തിൽ ശവമഞ്ചയാത്ര നടത്തിയവർ ഇന്ന് നിശബ്ദരായത് രാഷ്ട്രീയനിറം സ്വീകരിച്ചതിനാലാണോയെന്നു വ്യക്തമാക്കണമെന്നും എം മോനിച്ചൻ പറഞ്ഞു.