ചേർപ്പുങ്കലിൽ നെൽക്കർഷകൻ്റെ ട്രാക്ടറിൽ ഉപ്പിട്ട് സാമൂഹ്യ ദ്രോഹികൾ.

പാടം പൂട്ടാനെത്തിയ ട്രാക്ടറിന്റെ ടാങ്കിൽ ഉപ്പു കല്ലിട്ട് യന്ത്രം കേടു വരുത്താൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം . ചേർപ്പുങ്കൽ നഴ്സിംഗ് കോളജിനു സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ട്രാക്ടറിന്റെ പൈപ്പിലാണ് ഉപ്പുകല്ല് കണ്ടെത്തിയത്. പാടശേഖര സമിതി പ്രസിഡൻ്റ് വാലേപ്പീടികയിൽ മാത്തുക്കുട്ടി തോമസിന്റെ നേതൃത്വത്തിലാണ് അറുപത് ഏക്കറോളം പാടത്ത് നെൽക്കൃഷിയിറക്കുന്നത്.
തിങ്കളാഴ്ച ഉഴവിനുശേഷം പാടത്തിനു സമീപം പാർക്കു ചെയ്തിരിക്കുകയായിരുന്നു ട്രാക്ടർ . രാവിലെയെത്തിയ ഡ്രൈവറാണ് വാഹനത്തിന്റെ ചുറ്റുപാടും ഉപ്പുകല്ലുകൾ കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ എഞ്ചിൻ പൈപ്പിലും ഉപ്പുകല്ലിട്ടതായി മനസ്സിലായി.
ഏറെ കഷ്ടപ്പാടുകൾ സഹിച്ച് കൃഷിയിറക്കുന്ന കർഷകരോട് ഇത്തരത്തിൽ പെരുമാറുന്നത് ഖേദകരമാണെന്ന് മാത്തുകുട്ടി തോമസ് ഏറെ വിഷമത്തോടെ പറയുന്നു.
ട്രാക്ടർ നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കിടങ്ങൂർ പോലീസിൽപരാതി നൽകിയിരിക്കുകയാണ് കർഷകർ.